ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിൽ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അവര്‍ നല്‍കിയ സംഭാവന തിരികെ നല്‍കുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. രേഖകളുമായെത്തി അവര്‍ക്ക് സംഭാവന തിരികെ വാങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിനെതിരെ രംഗത്തെത്തിയവരാണ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
ബാബറി മസ്ജിദിന് സമീപം പക്ഷിയെ പോലും പറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ പ്രസ്താവനയുമായി രംഗത്തെത്തുന്നതെന്നും. രാമജന്മഭൂമി തീര്‍ത്ത ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചംപത് റായി ജീവിതം രാമന് വേണ്ടി മാറ്റിവെച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തെ കുറിച്ച് ആരോപണം ഉന്നയിച്ച എ.എ.പി എം.പി സഞ്ജയ് സിങ്ങിനും എസ്.പി നേതാവ് അഖിലേഷ് യാദവിനും അവര്‍ ക്ഷേത്രത്തിനായി പണം നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരികെ കൊടുക്കാന്‍ തയ്യാറാണെന്ന് സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു. എന്നാൽ നേരത്തെ രാമക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.