ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം. 2020 ഫെബ്രുവരിക്ക് ശേഷം കാലാവധി പൂര്‍ത്തിയായ വാഹനരേഖകളുടെ കാലാവധിയാണ് നീട്ടിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി. ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയുടെ കാലാവധിയാണ് നീട്ടിയത്. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. എന്നാല്‍, ഇളവ് പുക പരിശോധന സര്‍ട്ടിഫിക്കറ്റിന് ബാധകമായിരിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി വാഹനത്തില്‍ യാത്ര ചെയ്താല്‍ പരമാവധി 5000 രൂപ പിഴ ലഭിക്കും. പെര്‍മിറ്റിന് 10,000 രൂപയും ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന് 2000 മുതല്‍ 5000 രൂപ വരെയുമായിരിക്കും പിഴ.