ഒറ്റ ഡോസ് കോവിഷീൽഡ് ; ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദം

ഡൽഹി: കോവിഷീൽഡിന്റെ ഒറ്റ ഡോസ് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ 61 ശതമാനം ഫലപ്രദമാണെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് മേധാവി ഡോ.എൻ.കെ. അറോറ അറിയിച്ചു. കോവിഷീൽഡ് (അസ്ട്രാസെനക്ക) വാക്സീന്റെ രണ്ടു ഡോസുകൾക്കിടയിലെ കാലയളവ് സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ ആശ്വാസ പ്രഖ്യാപനം .

വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഗവേഷണസംഘം കോവിഷീൽഡ് വാക്സീന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമാണെന്നും രണ്ടു ഡോസ് എടുക്കുന്നതോടെ ഫലപ്രാപ്തി 65 ശതമാനമാകുമെന്ന് കണ്ടെത്തിയെന്നും അറോറ പറയുന്നു. ഗുരുതരമായ രോഗം, ആശുപത്രിവാസം, മരണം എന്നിവയിൽനിന്ന് കോവിഷീൽഡ്, കോവാക്സിൻ വാക്സീന്റെ ഒറ്റ ഡോസ് അല്ലെങ്കിൽ രണ്ടു ഡോസ് എടുത്തവര്‍ക്കുള്ള സുരക്ഷ സമാനമാണെന്നും അറോറ പറയുന്നു.

കണക്കുകൾ പ്രകാരം പ്രതിരോധം വളരെ മികച്ചതാണെന്ന് കണ്ടെത്തിയിരുന്നതിനാൽ ആദ്യ ഡോസിന് നാല് ആഴ്ചയ്ക്കുശേഷം രണ്ടാം ഡോസ് എടുത്താൽ മതിയെന്നാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നത്. ഇതേസമയം ബ്രിട്ടന്‍ വാക്സീൻ ഇടവേള 12 ആഴ്ചയായി വർധിപ്പിച്ചിരുന്നു. ആറാഴ്ചയ്ക്കുശേഷം ലോകാരോഗ്യസംഘടന 6 ആഴ്ച മുതൽ 8 ആഴ്ച വരെ ഇടവേള കൊണ്ടുവകുന്നത് നന്നാകുമെന്ന് ശുപാർശ ചെയ്തു. പിന്നാലെ ഏപ്രിലിൽ ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ സംവിധാനം 12 ആഴ്ച ഇടവേളയിൽ രണ്ടാം ഡോസ് എടുക്കുന്നത് 65 മുതൽ 80 ശതമാനം വരെ ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കി.

മേയ് 13ന് ഇന്ത്യൻ ആരോഗ്യമന്ത്രാലയം വാക്സീൻ ഡോസുകളുടെ ഇടവേള 6 – 8 ആഴ്ചയിൽനിന്ന് 12-16 ആഴ്ചയായി വർധിപ്പിക്കുകയാണെന്ന ഉത്തരവ് പുറപ്പെടുവിച്ചു. പ്രഖ്യാപന സമയത്ത് രാജ്യത്ത് വാക്സീൻ ക്ഷാമം അനുഭവപ്പെടുകയും രോഗികൾ വർധിക്കുകയുമായിരുന്നു. മൂന്നു മാസത്തിനിടയില്‍ വാക്സീൻ ഡോസ് ഇടവേള വീണ്ടും വർധിപ്പിച്ചതോടെ വാക്സീൻ ക്ഷാമം മൂലമാണിതെന്ന അഭ്യൂഹവും ഉയർന്നിരുന്നു.
Tags