ഡല്‍ഹി: കേരളത്തിന് ‘ജല്‍ജീവന്‍ മിഷന്‍ പദ്ധതി’ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ 1,804.59 കോടിരൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.
2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ‘ജല്‍ ജീവന്‍ പദ്ധതി’ ഓരോ മാസത്തിലും വിലയിരുത്തണമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.
എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്ന കേന്ദ്ര പദ്ധതി നടപ്പാക്കുന്നതില്‍ കേരളം വളരെ പിന്നിലാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
2019-ല്‍ ‘ജല്‍ ജീവന്‍ പദ്ധതി’ തുടങ്ങുന്ന സമയത്ത് കേരളത്തിലെ 97.14 ലക്ഷം വീടുകളില്‍ 16.64 ശതമാനം മാത്രമാണ് കുടിവെള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് 23 ലക്ഷം വീടുകളില്‍ നടപ്പാക്കി. എല്ലാവീടുകളിലും കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് കത്തില്‍ ചൂണ്ടിക്കാട്ടി.