ന്യൂഡൽഹി: രാജ്യത്തെ സിബിഎസ്ഇ മൂല്യ നിർണയത്തിന് പുതിയ ഫോർമുല. 12-ാം ക്ലാസിലെ മാർക്ക് നിർണയത്തിനുള്ള മാനദണ്ഡമായി. 30:30:40 എന്ന അനുപാതത്തിലാണ് മൂല്യ നിർണയം. വിദഗ്ധരായ അദ്ധ്യാപകരാണ് മാർക്ക് പരിഗണിക്കുക. മൂല്യനിർണയത്തിനുള്ള പുതിയ ഫോർമുല കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
10,11 ക്ലാസുകളിലെ മാർക്കിന് 30 ശതമാനം വീതം വെയ്‌റ്റേജ് അനുവദിക്കുന്നതാണ് പുതിയ മാനദണ്ഡം. പന്ത്രണ്ടാം ക്ലാസിലെ ഇതുവരെ നടന്ന പരീക്ഷകളിലെ മാർക്കിന് 40 ശതമാനം വെയ്റ്റേജുണ്ട്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഏറ്റവും ഉയർന്ന മൂന്ന് മാർക്കുകളാണ് പരിഗണിക്കുന്നത്.
സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിർണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിർണയ സമിതിയുടേതാണ് തീരുമാനം. ഇക്കാര്യം ഔദ്യോഗികമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിയോജിപ്പുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.