വർഗീയ വിദ്വേഷം പടർത്താൻ വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുത്തു; പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാദ്ധ്യമപ്രവർത്തകർ

ലക്‌നൗ : ഗാസിയാബാദിൽ മുസ്ലീം വയോധികന് മർദ്ദനമേറ്റ സംഭവം വളച്ചൊടിച്ചതിൽ വിശദീകരണം നൽകി മാദ്ധ്യമപ്രവർത്തകർ രംഗത്ത്. വീഡിയോയിലൂടെ വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചവർക്കെതിരെ യുപി പോലീസ് കേസെടുത്തിരുന്നു. ട്വിറ്ററും രണ്ട് കോൺഗ്രസ് നേതാക്കളും മാദ്ധ്യമ പ്രവർത്തകരുമടക്കം ഒൻപത് പേർക്കെതിരെയാണ് യുപി പോലീസ് കേസെടുത്തത്. തുടർന്നാണ് തെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് മാദ്ധ്യമപ്രവർത്തകർ രംഗത്തെത്തിയത്.

ന്യൂസ് പോർട്ടലായ ദി ക്വിന്റ് സർക്കാരിനെ വിമർശിച്ചുകൊണ്ട് പുറത്തുവിട്ട കാർട്ടൂൺ ചിത്രം പിൻവലിച്ചു. ജൂൺ 5 ന് മുസ്ലീം വയോധികനെ മർദ്ദിച്ച സംഭത്തിൽ കൂടുതൽ വിവരങ്ങൾ നൽകുന്നതായിരിക്കും എന്നാണ് ക്വിന്റ് പ്രതികരിച്ചത്. മാദ്ധ്യമപ്രവർത്തകയായ സാബ നഖ്വിയും ട്വീറ്റ് പിൻവലിച്ചിരിക്കുകയാണ്. ഒരു ന്യൂസ് പേപ്പർ റിപ്പോർട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ട്വീറ്റ് ചെയ്തതെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും സാബ പ്രതികരിച്ചു. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറും മാദ്ധ്യമപ്രവർത്തകനായ റാണ അയ്യൂബും പോസ്റ്റ് പിൻവലിച്ചതായി വ്യക്തമാക്കി.

ലോണി സ്വദേശി അബ്ദുൾ സമദിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. പ്രദേശത്തെ വ്യാജ സിദ്ധൻ കൂടിയായ അബ്ദുൾ സമദ് രോഗങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിവിധി എന്ന പേരിൽ തകിട് നൽകിയിരുന്നു. എന്നാൽ ഇത് വിപരീത ഫലമുണ്ടാക്കി. ഇതേ തുടർന്നാണ് ഗുജ്ജാറും സംഘവും സമദിനെ മർദ്ദിച്ചത്. എന്നാൽ ഇത് വിദ്വേഷം പടർത്താൻ മാദ്ധ്യമങ്ങൾ ഉപയോഗിക്കുകയായിരുന്നു. ജയ്ശ്രീരാം വിളിക്കാത്തിനാലാണ് മുസ്ലീം വയോധികനെ ആളുകൾ സംഘം ചേർന്ന് തല്ലിയത് എന്നാണ് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചത്.
Tags