ചെന്നൈ : നൂറ്റാണ്ടുകൾ പഴക്കമുള്ള വെങ്കിടേശ്വര സ്വാമിയുടെ ശിലാ വിഗ്രഹം തമിഴ്‌നാട്ടിൽ കണ്ടെത്തി. അരിയലൂരിനടുത്ത് കരിയൻകുരിചി ഗ്രാമവാസിയായ ശരവണൻ വീട് നിർമ്മാണത്തിനായി ഭൂമി കുഴിക്കവെയാണ് വെങ്കിടേശ്വര വിഗ്രഹം ലഭിച്ചത്.
കുഴിക്കുന്നതിനിടയിൽ വിഗ്രഹത്തിൽ തട്ടി ശബ്ദം കേട്ടതോടെ ശ്രദ്ധയോടെ മണ്ണ് മാറ്റി നോക്കുകയായിരുന്നു . വിഗ്രഹം കണ്ടതോടെ വിവരം പ്രാദേശിക ഭരണകൂടത്തെ അറിയിച്ചു . തുടർന്ന് അധികൃതർ ജെസിബി കൊണ്ടുവന്ന് വിഗ്രഹം പുറത്തെടുക്കുകയുമായിരുന്നു.എട്ടടിയോളം നീളമുള്ളതാണ് വിഗ്രഹം .
പുറത്തെടുത്ത വിഗ്രഹം ഗ്രാമവാസികളുടെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കി . പുരാതന വിഗ്രഹമായതിനാൽ തിരുച്ചിയിലെ പുരാവസ്തു വകുപ്പ് ഓഫീസിലേക്ക് മാറ്റാൻ അധികൃതർ ശ്രമിച്ചെങ്കിലും ഗ്രാമവാസികൾ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.
തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗ്രാമീണരുമായി ചർച്ച നടത്തിയ ശേഷമാണ് വിഗ്രഹം പുരാവസ്തു വകുപ്പ് ഓഫീസിലേക്ക് മാറ്റിയത് . തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ മൂല വിഗ്രഹത്തിനു ഏകദേശം 9 അടിയാണ് ഉയരമുള്ളത് . ഇപ്പോൾ ലഭിച്ച വെങ്കിടേശ്വര വിഗ്രഹത്തിനാകട്ടെ എട്ടടിയും . ഇതിന്റെ പഴക്കം കൃത്യമായി നിർണ്ണയിക്കാൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.