ജമ്മുകശ്മീർ വിമാനത്താവളത്തിൽ നടന്ന ഇരട്ട സ്‌ഫോടനം: എൻഐഎ സംഘം സ്ഥലത്തെത്തി, രണ്ട് പേർ കസ്റ്റഡിയിൽ NIA

ശ്രീനഗർ: ജമ്മുകശ്മീർ വിമാനത്താവളത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ എൻഎസ്ജി ബോംബ് സ്‌ക്വാഡിന്റേയും ഫോറൻസിക് വിഭാഗത്തിന്റേയും പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്്. ഡ്രോൺ ഉപയോഗിച്ചുള്ള ഐഇഡി സ്‌ഫോടനമായിരിക്കാം നടന്നതെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യേഗസ്ഥർ. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്


പാക് അതിർത്തിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് വിമാനത്താവളം. ഭീകരരുടെ ആക്രമണം വിഫലമായെങ്കിലും ശ്രീനഗറിലും പഠാൻകോട്ടിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിൽ യുഎപിഎ പ്രകാരം പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയയിൽ സ്‌ഫോടനം ഉണ്ടായത്. അഞ്ച് മിനിറ്റ് ഇടവേളയിലായിരുന്നു സ്‌ഫോടനം.

ഡ്രോണുകൾ വിമാനത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരർ പരീക്ഷിച്ചത്. എന്നാൽ വ്യോമസേനയുടെ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വന്നുവീണ് ഡ്രോണുകൾ സ്വയം പൊട്ടിച്ചിതറുകയായിരുന്നു. ആദ്യ സ്‌ഫോടനത്തിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. ജിപിഎസ് ഘടിപ്പിച്ച രണ്ടു ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിൽ സ്‌ഫോടനം നടത്തേണ്ട സ്ഥലത്തിന്റെ കൃത്യമായ സ്ഥാനവും നൽകിയിരുന്നതായും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
Tags