അമിതമായ മരുന്നുപയോഗം ബ്ലാക്ക് ഫംഗസ് ബാധ പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ധർ

തിരൂരങ്ങാടി: സ്വയം ചികിത്സയും അമിതമായ മരുന്നുപയോഗങ്ങളും രോഗ പ്രതിരോധശേഷി നശിപ്പിക്കുമെന്നും അത്തരം സാഹചര്യത്തില്‍ മ്യൂക്കര്‍ മൈകകോസിസ് പോലുള്ള ഫംഗസ് ബാധയ്ക്ക് കാരണമാകുമെന്നും പ്രശസ്ത ഇഎന്‍ടി വിദഗ്ധന്‍ ഡോ. എംസി പ്രദീപ് കുമാര്‍ പറഞ്ഞു. കൊറോണ കാലത്ത് സോഷ്യല്‍ മീഡിയ വഴിയുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആളുകള്‍ സ്വയം ചികിത്സ നടത്തുന്നുണ്ട്. അയേണ്‍ ഗുളികള്‍ പോലുള്ളവ ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ തന്നെ കഴിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വിദ്ഗ്ധ നിര്‍ദ്ദേശമില്ലാതെ മരുന്നുകള്‍ കഴിക്കുന്നത് നമ്മുടെ രോഗ പ്രതിരോധശേഷിയെ ബാധിക്കുകയാണ് ചെയ്യുക. ബ്ലാക്ക് ഫംഗസ് ബാധ ഇത്തരത്തിലുള്ളവരിലാണ് കൂടുതലായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണയ്ക്ക് ശേഷം കാണപ്പെടുന്ന ഇഎന്‍ടി സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് വയനാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ നടത്തിയ വെബ്ബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയ്ക്ക് ശേഷം കൃത്യമായ വിശ്രമവും ഉറക്കവും അത്യാവശ്യമാണെന്നും മാനസിക പിരിമുറുക്കം ഉഴിവാക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി കൊറോണയ്ക്ക് ശേഷം ഉള്ള ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താനാവും. ഒരു മാസമെങ്കിലും വിശ്രമം ആവശ്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരൂരങ്ങാടി ഐ.സി.ഡി.എസ്. പ്രോജക്ടുമായി സഹകരിച്ച് നടത്തിയ വെബ്ബിനാറില്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ശ്രീ. പ്രജിത്ത് കുമാര്‍ എം.വി., ശ്രീ സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പങ്കെടുത്തവര്‍ക്കുള്ള സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറഞ്ഞു.