പൗരത്വ നിയമം നടപ്പിലാക്കാന്‍ കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നു; ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നു. ആസാം മോഡല്‍ ഡിറ്റഷന്‍ ക്യാമ്പുകളാണ് കേരളത്തില്‍ സ്ഥാപിക്കുന്നത്. പൗരത്വ ഭേദഗതി നിയമം/പൗരത്വ രജിസ്റ്റര്‍ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി തടങ്കല്‍ പാളയങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും നിര്‍മ്മിക്കാന്‍ ആഭ്യന്തരമന്ത്രാലം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശിക്ഷാ കാലാവധി കഴിഞ്ഞ് ജയില്‍ മോചിതരാകുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് തടങ്കല്‍ പാളയം പിണറായി സര്‍ക്കാര്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ കുറ്റവാളികളെയാണ് ഇത്തരം സെന്ററുകളില്‍ താമസിപ്പിക്കുന്നത്. തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി ഉപയോഗിക്കും. 
സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ ചുമതലയിലാണ് കേന്ദ്രങ്ങള്‍. തൃശൂരിലെ കേന്ദ്രത്തില്‍ 2 നൈജീരിയക്കാര്‍ ഉള്‍പ്പെടെ 3 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദേശികളെ ഇതുവരെ അതത് ജയില്‍ വളപ്പില്‍ തന്നെയാണ് താമസിപ്പിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നു പരാമര്‍ശം വന്നതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ജയില്‍ വളപ്പിലെ താമസം തടവു ജീവിതത്തിനു തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ക്ക് അവരുടെ രാജ്യത്തേക്കു തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഈ കേന്ദ്രങ്ങളില്‍ താമസിക്കാം.അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികള്‍, വീസ, പാസ്‌പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും ഇവിടെ തുടരുന്നവര്‍ എന്നിവരെയും രാജ്യം വിടുന്നതു വരെ ഈ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.