കണ്ണൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു

കണ്ണൂർ : കൂട്ടുകാരനുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു. കണ്ണൂർ പയ്യാവൂരിലാണ് സംഭവം. ചന്ദനക്കാംപാറ ആടാംപാറയിലെമറ്റത്തിനാനി ജെയിസൺ ഷൈനി ദമ്പതികളുടെ മകൻ അലക്‌സ് ആണ് മരിച്ചത്. ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് അലക്‌സ്.

വീടിനടുത്ത പുഴയിലെ തെയ്യത്താർ കുണ്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സംഭവമറിഞ്ഞ് പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ അലക്‌സിനെകരയ്ക്ക് കയറ്റിയിരുന്നു. തുടർന്ന് തളിപ്പറമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.