പണ്ട് ഒരുപാട് പേർ പുച്ഛിച്ചു , പക്ഷെ ഇത് ജീവിതമാണ് ; അനശ്വരയ്ക്ക് അഭിനന്ദനപ്രവാഹം , പിന്തുണയുമായി സുരേഷ് ഗോപി

കോട്ടയം : സോഷ്യൽ മീഡിയയിലെ താരമാകാനോ , വൈറലാകാനോ ആയിരുന്നില്ല അനശ്വര പൊറോട്ടയടിച്ച് തുടങ്ങിയത് . അത് ആ പെൺകുട്ടിയ്ക്ക് ജീവിതമാർഗ്ഗമായിരുന്നു . ഇന്ന് അത് തന്നെയാണ് അവൾക്ക് മുൻപോട്ടുള്ള വഴിയാകുന്നതും

പഠനത്തിനൊപ്പം ജോലിയും മുന്നോട്ട് കൊണ്ടു പോയ അനശ്വരയ്ക്ക് പിന്തുണയുമായി സുരേഷ് ഗോപി എം പി അടക്കമുള്ളവർ രംഗത്തെത്തി കഴിഞ്ഞു . ഒരു സ്ത്രീയെന്ന നിലയിൽ ഈ ജോലി ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്നാണ് സുരേഷ് ഗോപി അനശ്വരയോട് പറഞ്ഞത് . അനശ്വരയുടെ മുന്നോട്ടുള്ള ജീവിതത്തിൽ എന്ത് സഹായം വേണമെങ്കിലും നൽകാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയിൽ അഭിഭാഷകനായ മനോജ്‌ വി ജോർജ് വിളിച്ച് അദ്ദേഹത്തിനു കീഴിൽ പ്രാക്ടീസ് ചെയ്യാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും അവിടെ തന്നെ ആണ്. എന്ത് കാര്യത്തിനും വിളിക്കാൻ അനുമതി തന്നിട്ടുണ്ട് – അനശ്വര പറഞ്ഞു.

തൊടുപുഴ അൽ അസർ കോളേജിൽ നിയമവിദ്യാർത്ഥിനിയാണ് അനശ്വര. പണ്ട് ഒരുപാട് പേർ താൻ ഈ ജോലി ചെയ്യുന്നത് കണ്ട് പുച്ഛിച്ചിട്ടുണ്ടെന്നും എന്നാൻ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും ഈ മിടുക്കി പറയുന്നു . അനശ്വരയുടെ അമ്മയും , സഹോദരങ്ങളും ചേർന്നാണ് ഹോട്ടൽ നടത്തുന്നത് . അമ്മയെ സഹായിക്കാനായാണ് അനശ്വര പൊറോട്ടയടി പഠിച്ചത് . സ്വന്തമായി ഒരു വീടു ഉണ്ടാകണം എന്നത് വലിയ സ്വപ്നമാണ്. ഇനി ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് അനശ്വര .