കേന്ദ്രം സൗജന്യമായി നൽകിയത് 1 കോടിയിലധികം വാക്‌സിൻ; കൂടുതൽ വാക്‌സിനുകൾ ഉടൻ എത്തുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തിന് ഇതുവരെ 1,05,13,620 ഡോസ് വാക്സിൻ കേന്ദ്ര സർക്കാർ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൽ 7,46,710 ഡോസ് കൊവിഷീൽഡും 1,37,580 ഡോസ് കൊവാക്സിനും ഉൾപ്പെടെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. ബാക്കി 96,29,330 ഡോസ് വാക്സിൻ കേന്ദ്രം സൗജന്യമായി നൽകിയതാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കൊറോണ വാക്‌സിൻ നൽകിക്കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 1,09,61,670 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ആദ്യ ഡോസ് വാക്സിനും 22,09,069 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് 26.2 ശതമാനം പേർക്ക് ഒന്നാം ഡോസും 6.61 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.

ഏറ്റവുമധികം വാക്സിൻ നൽകിയത് തിരുവനന്തപുരത്താണ്. 10,08,936 പേർക്ക് ആദ്യ ഡോസ് വാക്സിനും 2,81,828 പേർക്ക് രണ്ടാം ഡോസ് വാക്സിനും ഉൾപ്പെടെ 12,90,764 ഡോസ് വാക്സിനാണ് തിരുവനന്തപുരം ജില്ലയിൽ നൽകിയത്. കൊറോണ മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷൻ പ്ലാൻ രൂപീകരിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.