കണ്ണൂർ : കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തന്റെ ജന്മദിനം ആചരിക്കുന്നതിൽ തെറ്റില്ലെന്ന് നിയുക്ത കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. കൊറോണ പ്രതിരോധത്തെ ഉൾപ്പെടെ മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയായിരുന്നു എന്നും കെ. സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കുഞ്ഞനന്തന്റെ അനുസ്മരണം സിപിഎം സംഘടിപ്പിച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു കെ സുധാകരന്റെ പ്രതികരണം. തന്റെ മുഖം കണ്ടാൽ ചിരിക്കുക പോലും ചെയ്യാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ പ്രതിരോധത്തെ പോലും പിണറായി വിജയൻ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കിൽ സിപിഎമ്മിന് കുഞ്ഞനന്തൻറെ ചരമദിനം ആചരിക്കുന്നതിൽ തെറ്റില്ലെന്നാണ് സുധാകരൻ പരിഹസിച്ചത്.
ടിപി വധക്കേസിൽ മൂന്നാം പ്രതിയായിരുന്നു കുഞ്ഞനന്തൽ. ജീവപകര്യന്തം തടവ് ശിക്ഷ അനുഭവിക്കവേയാണ് അസുഖബാധിതനായി കുഞ്ഞനന്തൻ മരിച്ചത്. അതോടെ ടിപി വധക്കേസിൽ സിപിഎം പങ്കിനെക്കുറിച്ചുള്ള അന്വേഷണവും നടപടികളും അവസാനിച്ചു.
സിപിഎം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ് കുഞ്ഞനന്തൻ. ടി പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ശിക്ഷിക്കപ്പെടുന്നത്. 2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഎം വിമതനും റവലൂഷണറി മാർക്സിസ്റ്റ് നേതാവുമായ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്.