പാലക്കാട് : കാമുകിയെ വീടിനുള്ളിൽ ഒളിവിൽ താമസിപ്പിച്ച സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ നെന്മാറ പോലീസിനോട് റിപ്പോർട്ട് തേടി .നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞു. വനിതാ സിഐയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ഷിജി ശിവജി ആവശ്യപ്പെട്ടു.
നെന്മാറ സ്വദേശിയാ റഹ്മാനാണ് അയൽക്കാരിയായ സജിതയെ വീടിനുള്ളിൽ ഒളിപ്പിച്ച് താമസിപ്പിച്ചത്. 10 വർഷക്കാലമായി സജിത വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നുവെന്നാണ് റഹ്മാൻ പറയുന്നത്. എന്നാൽ ഇത് വിശ്വസനീയമല്ലാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷൻ ഇടപെടുന്നത്.
അതേസമയം റഹ്മാന്റെയും , സജിതയുടെയും വാദങ്ങൾ തെറ്റാണെന്നാണ് റഹ്മാന്റെ മാതാപിതാക്കൾ പറയുന്നത്. പാതി ചുവരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുറിയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അറിയുമായിരുന്നു. മൂന്ന് വർഷം മുൻപ് റഹ്മാന്റെ മുറിയിൽ കയറിയിരുന്നു.
റഹ്മാന് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സജിത ശുചിമുറിയിൽ പോകാൻ ഉപയോഗിച്ചു എന്ന് അവകാശപെടുന്ന ജനലിന്റെ അഴികൾ മൂന്ന് മാസം മുൻപാണ് അഴിച്ച് മാറ്റിയത് എന്നും മാതാപിതാക്കൾ വ്യക്തമാക്കി.