ബെയ്ജിംഗ്: പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍. കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ച ചോദ്യങ്ങള്‍ നേരിടുന്ന ചൈനയിലെ ഗവേഷകരാണ് പുതിയ വൈറസുകളെ കണ്ടെത്തിയത്. വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസുകളില്‍ ഒന്ന് കൊവിഡ് വൈറസുമായി ജനിതകമായി അടുത്ത സാമ്യം പുലര്‍ത്തുന്നതാണ് എന്നാണ് ഗവേഷകരുടെ അവകാശവാദം.
കൊവിഡ് പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളാണ് വവ്വാലുകളില്‍ കണ്ടെത്തിയത്. കൊവിഡ് പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. ചൈനയിലെ ഷാഡോംഗ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളാണ് ഗവേഷണത്തിന് പിന്നില്‍. മേയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടത്.
തെക്കുപടിഞ്ഞാറല്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളെയാണ് പഠനത്തിനായി വിധേയമാക്കിയത്. വിവിധ വിഭാഗത്തില്‍പെട്ട വവ്വാലുകളെ പഠനവിധേയമാക്കിയതില്‍ നിന്ന് 24 ജീനോമുകളെ തിരിച്ചറിഞ്ഞുവെന്ന് സെല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് ബാച്ചില്‍ ചിലത് വവ്വാലുകളില്‍ വളരെ വ്യാപകമായി പടര്‍ന്നേക്കാമെന്നും മനുഷ്യരിലേക്കും എത്താമെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ജൂണില്‍ തായ്ലന്‍ഡില്‍ നിന്നും ശേഖരിച്ച സാര്‍സ് കോവ്-2 വൈറസ് സാമ്പിളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വവ്വാലുകള്‍ക്കിടയിലെ വൈറസ് വ്യാപന സാധ്യത വ്യക്തമാകുന്നുണ്ട്. ചില പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയ സാമ്പിളുകള്‍ കൂടുതല്‍ ആശങ്ക പകരുന്നതാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.