പ്രയാഗ് രാജ് : മൃതദേഹങ്ങൾക്ക് അന്തകർമ്മങ്ങൾ നടത്തുന്നത് ഹൈന്ദവാചാരപ്രകാരം ഏറെ പ്രധാനപ്പെട്ട അനുഷ്ടാനങ്ങളിൽ ഒന്നാണ് . എന്നാൽ ലോകത്തിനെ ഭീതിയിലാഴ്ത്തി കൊറോണ മഹാമാരി വന്നതോടെ ആ പതിവുകൾ തെറ്റി തുടങ്ങി . സ്വന്തം മാതാപിതാക്കളുടേതായാൽ പോലും അന്ത്യകർമ്മങ്ങൾക്കായി ചിതാഭസ്മം സ്വീകരിക്കാൻ മക്കൾ ഭയപ്പെട്ടു തുടങ്ങി . എന്നാൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കൊറോണ ബാധിച്ച് മരണപ്പെട്ടവർക്ക് അന്ത്യകർമ്മങ്ങൾ നടത്താനായി മക്കളായി , സഹോദരനായി , ബന്ധുക്കളായി കഴിയുകയാണ് നാലു സ്വയം സേവകർ .
കുൽദീപ് ശർമ , സഞ്ജയ് പ്രജാപതി, ധ്രുവ്, സുരേന്ദ്ര എന്നീ നാലു പേരും കഴിഞ്ഞ 38 ദിവസങ്ങളായി കഴിയുന്നത് വിദിഷ നഗരത്തിലെ ശ്മശാനത്തിലാണ് . സ്വന്തം വീടും , കുടുംബവും ഉപേക്ഷിച്ചാണ് ഈ ജീവിതം .
35 കാരനായ കുൽദീപ് ശർമ സുഹൃത്തിന്റെ മുത്തശ്ശിയുടെ അന്ത്യകർമങ്ങൾക്കായി ഭോർഗതിലെ ശ്മശാനത്തിൽ എത്തിയതാണ് ഈ തീരുമാനത്തിലേക്ക് വഴി കാട്ടിയത് . കൊറോണ ബാധിച്ച് മരണപ്പെട്ട പലരുടെയും അന്ത്യകർമങ്ങൾ നടത്താൻ ആളുകളില്ല. ഇതോടെ മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ നടത്താൻ കുൽദീപ് ശർമ്മ തയ്യാറാകുകയായിരുന്നു . സുഹൃത്തിന്റെ തീരുമാനത്തിനൊപ്പം സഞ്ജയ് പ്രജാപതി, ധ്രുവ്, സുരേന്ദ്ര എന്നിവരും പങ്കാളികളായി .
കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാനായി വീടുകളിൽ പോകുന്നതും നിർത്തി വച്ചു . ബ്രാഹ്മണനായ കുൽദീപ് ശർമ്മയാണ് യഥാവിധി പൂജകൾ നടത്തി അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത് . വീട്ടിൽ പതിവായി നടത്താറുള്ള മറ്റ് പൂജകൾ നിർത്തി വച്ചാണ് ഈ കർമ്മങ്ങൾ അദ്ദേഹം ചെയ്യുന്നത് . കൊറോണ വന്ന് മരണപ്പെട്ട 208 ഓളം പേരുടെ ചിതാഭസ്മ കലശങ്ങളാണ് ഇതുവരെ ഈ നാൽവർ സംഘം കർമ്മങ്ങൾ ചെയ്ത് നിമജ്ജനം ചെയ്തത്