നികുതിയിളവ് ആശ്വാസകരം; കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത് ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : കൊറോണ പ്രതിരോധ സാമഗ്രികളുടെയും, മരുന്നുകളുടെയും നികുതിയിൽ ഇളവ് വരുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തീരുമാനം നിലവിലെ സാഹചര്യത്തിൽ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നികുതി കുറയ്ക്കാനുള്ള തീരുമാനം.

ടോസിലിസുമാബ് , ബ്ലാക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ ബി എന്നിവയുടെ നികുതി പൂർണമായും ഒഴിവാക്കാൻ കേന്ദ്രം തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഹെപാറിൻ, റെംഡിസിവീർ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കൊറോണ ചികിത്സയ്ക്ക് ആവശ്യമായ മറ്റു മരുന്നുകൾ എന്നിവയുടെ നിരക്ക് പന്ത്രണ്ടിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തി. ഓക്‌സിജൻ, ഓക്‌സിജൻ കോൺസേൺട്രേറ്റർ, ഓക്‌സിമീറ്റർ ഹാൻഡ് സാനിറ്റൈസർ, വെൻറിലേറ്റർ, ശവസംസ്‌കാരത്തിനുള്ള ഫർണസുകൾ, താപനില പരിശോധിക്കാനുള്ള ഉപകരണങ്ങൾ എന്നിവയുടെ നിരക്കും അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തി. ആംബുലൻസുകളുടെ നിരക്ക് ഇരുപത്തിയെട്ടിൽ നിന്നു പന്ത്രണ്ടായി താഴ്ത്താൻ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർദ്ദേശങ്ങൾ കൗൺസിൽ മുൻപാകെ സമർപ്പിച്ചിരുന്നു. കൊറോണ പ്രതിരോധ സാമഗ്രികളുടെ നികുതി സീറോ റേറ്റ് (0%) ആക്കുകയോ അല്ലെങ്കിൽ 0.1% നിരക്കിലേക്ക് താഴ്ത്തുകയോ ചെയ്യണമെന്ന് കഴിഞ്ഞ ജി.എസ്. ടി യോഗത്തിൽ കേരളം നിർദ്ദേശം വച്ചിരുന്നു. ഈ നിർദ്ദേശം പിന്നീട് ഒരു പ്രത്യേക കത്തായി ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് കൺവീനർ ആയ മേഘാലയ മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. ശനിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം നിർദേശങ്ങൾ വിശദമായി ചർച്ച ചെയ്തന്നും അദ്ദേഹം പറഞ്ഞു
Tags