ക്ഷേത്രങ്ങളിൽ വനിതാ പൂജാരിമാരെ നിയമിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ : ക്ഷേത്രങ്ങളിൽ വനിതാ പൂജാരിമാരെ നിയമിക്കാൻ ഒരുങ്ങി തമിഴ്നാട് സർക്കാർ . പുരോഹിത ജോലി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇക്കാര്യത്തിൽ പരിശീലനം നൽകുമെന്ന് മന്ത്രി പി കെ ശേഖർ ബാബു പറഞ്ഞു . സംസ്ഥാനത്തെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

“സ്ത്രീകൾ പുരോഹിതരായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് പരിശീലനം നൽകും, അവരെ പുരോഹിതന്മാരായി നിയമിക്കാനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ആരംഭിക്കും “ മന്ത്രി പറഞ്ഞു . സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഹിന്ദുമതത്തില്‍പെട്ട ഏതുവിഭാഗക്കാരെയും പൂജാരിമാരായി നിയമിക്കാൻ പദ്ധതിയുണ്ടെന്ന് ശേഖർ ബാബു നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാനത്തെ 47 ക്ഷേത്രങ്ങളിൽ തമിഴ് പൂജകൾ നടത്തുന്നുണ്ടെന്നും , പുരോഹിതർക്ക് തമിഴിൽ പൂജ നടത്തുന്നതിന് പരിശീലനം നൽകുമെന്നും ശേഖർ ബാബു പറഞ്ഞു .

വിഗ്രഹ മോഷണം തടയൽ, പുരാതന ക്ഷേത്രങ്ങളുടെ പരിപാലനം തുടങ്ങിയ 75 നിർദേശങ്ങൾക്ക് മദ്രാസ് ഹൈക്കോടതി അടുത്തിടെ ശുപാർശ നൽകിയിട്ടുണ്ടെന്നും യോഗത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. ഇതിനകം തന്നെ അവയിൽ ചിലത് സർക്കാർ നടപ്പാക്കാൻ തുടങ്ങി, മറ്റ് ശുപാർശകൾ യഥാസമയം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags