തിരുവനന്തപുരം: അഫ്‌ഗാൻ ജയിലിൽ കഴിയുന്ന മലയാളി യുവതികളെ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിന് പിന്നാലെ മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നറിയിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. തന്റെ മകളെ തിരികെയെത്തിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടുമെന്ന് മാധ്യമങ്ങളോട് ബിന്ദു പറഞ്ഞു.
‘തന്റെ രാജ്യത്തേക്ക് മടങ്ങി വരാന്‍ നിമിഷയ്ക്ക് താത്പര്യമുണ്ട്. മകളെ നാട്ടിലേക്ക് തിരികെയെത്തിച്ചതിനു ശേഷം നിയമനടപടികള്‍ക്ക് വിധേയമാകുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. തങ്ങള്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എല്ലാത്തരം പരിഹാസങ്ങളും സഹിച്ചാണ് ജീവിക്കുന്നത്. തനിക്ക് നീതി വേണം’.- ബിന്ദു പറഞ്ഞു. നിമിഷ ഇപ്പോഴും ഇന്ത്യന്‍ പൗര തന്നെയാണെന്നു പറഞ്ഞ ബിന്ദു മകളുടെ മടക്കത്തെ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഒരു ഹിന്ദുവിനെ പോലും പിന്തുണക്കാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നായിരുന്നു ബിന്ദു കുറ്റപ്പെടുത്തിയത്.
ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയിട്ടില്ല. 2016 ജൂലായിലാണ് ആറ്റുകാല്‍ സ്വദേശി നിമിഷയെ കാണാനില്ലെന്ന പരാതിയുമായി ബിന്ദു രംഗത്തെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനൊപ്പം മതപരിവര്‍ത്തനം നടത്തി ഫാത്തിമയെന്ന പേരില്‍ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാന്‍ നിമിഷ പോയതായി സ്ഥിരീകരിച്ചത്.