തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സി.പി.എം നേതാവ് തോമസ് ഐസക്. ഒന്നാം കൊവിഡ് വരുമ്പോള്‍ ജനങ്ങളുടെ കൈയ്യില്‍ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് രണ്ടാം വ്യാപനം വരുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ലെന്ന് തോമസ് ഐസക്ക് തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 2017-18ല്‍ 1,00,268 രൂപ, 2018-19ല്‍ 1,05,525 രൂപ, 2019-20ല്‍ 1,08,645 രൂപ, 2020-21 ല്‍ 99,694 രൂപ. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ബംഗ്ലാദേശിനേക്കാള്‍ താഴെയായെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
കോവിഡിനുമുമ്പ് ഇന്ത്യയില്‍ 40.35 കോടി ആളുകള്‍ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. കോവിഡും ലോക്ഡൗണും വന്നതോടുകൂടി 2020 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവരില്‍ 12.6 കോടി ആളുകള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. ലോക്ഡൗണും മറ്റും പിന്‍വലിച്ചശേഷം ഒരു വര്‍ഷംകൊണ്ട് പതുക്കെപതുക്കെ തൊഴില്‍ ഏതാണ്ട് പൂര്‍വ്വനിലയിലേയ്ക്ക് തിരിച്ചുവന്നു. ജനുവരി ആയപ്പോഴേയ്ക്കും തൊഴിലെടുക്കുന്നവരുടെ എണ്ണം 40 കോടിയോളമായി. എന്നുവച്ചാല്‍ 35 ലക്ഷം ആളുകള്‍ക്കെങ്കിലും സ്ഥിരമായി തൊഴിലില്ലാതായി.
ഇവരില്‍ ശമ്പളക്കാരുടെ എണ്ണം കോവിഡിനുമുമ്പ് 8.5 കോടിയായിരുന്നു. പക്ഷെ ഇപ്പോള്‍ അത് 7.4 കോടിയായി കുറഞ്ഞു. എന്നുവച്ചാല്‍ ശമ്പള ജോലികള്‍ കുറയുകയും അസംഘടിത മേഖലയിലെ ജോലികള്‍ വളരുകയുമാണ് ചെയ്തത്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വമുണ്ട്. കുറച്ചെല്ലാം റിട്ടയര്‍മെന്റ് ലക്ഷ്യമാക്കി സമ്പാദിക്കാനും കഴിയും. എന്നാല്‍ ഇതൊന്നും അസംഘടിത മേഖലയില്‍ കഴിയില്ലല്ലോ. ഇപ്പോള്‍ വീണ്ടും തൊഴിലില്ലായ്മ പെരുകുകയാണ്. മെയ് മാസം അവസാനം തൊഴിലില്ലായ്മ 14.7 ശതമാനമായി ഉയര്‍ന്നു.