തളർത്താനായിട്ടില്ല പിന്നെയാ തകർക്കാൻ: കെ സുരേന്ദ്രനെതിരെ നടക്കുന്ന രാഷ്ട്രീയ-മാധ്യമവേട്ടക്കെതിരെ വൈറലാകുന്ന കുറിപ്പ്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങൾ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ചേർന്ന് മനഃപൂർവ്വം ഒരാളുടെ തലയിൽ മാത്രം കെട്ടിവെയ്ക്കാനുള്ള ഗൂഢശ്രമം നടത്തുന്നുണ്ടെന്ന പൊതുസംസാരമാണ് പലയിടത്ത് നിന്നും ഉയരുന്നത്. സി കെ ജാനുവിന് പണം കൈമാറി, കൊടകര കുഴൽപ്പണ കേസ് ഇങ്ങനെ ആരോപണങ്ങൾ ഓരോന്നായി കെ സുരേന്ദ്രനെതിരെ ഉന്നയിക്കപ്പെടുകയാണ്. കെ. സുരേന്ദ്രനെ ചവിട്ടിത്തേയ്ക്കുക, ഇല്ലായ്മ ചെയ്യുക എന്നതാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പ്രധാനലക്ഷ്യമെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി കെ സുരേന്ദ്രനെ കുറിച്ച് ഫേസ്ബുക്കിലും വാട്ട്സാപ്പിലും നിരവധി പേര് ഷെയർ ചെയ്യുന്ന ഒരു കുറിപ്പിനെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. കെ സുരേന്ദ്രനെതിരെ അണിയറയിൽ പല കളികളും നടക്കുന്നുണ്ടെന്ന് വൈറൽ കുറിപ്പിൽ വ്യക്തമാക്കുന്നു.