ന്യൂഡൽഹി : 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് നടത്തുന്നതിന് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊറോണ വാക്‌സിനേഷൻ പ്രോഗ്രാമിനുള്ള പുതുക്കിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയത്.
വാക്‌സിൻ നിർമ്മാണ കമ്പനികളിൽ നിന്നും കേന്ദ്ര സർക്കാർ 75 ശതമാനം വാക്‌സിൻ ശേഖരിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുമ്പോൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും മുൻഗണനാ ക്രമം നിശ്ചയിക്കാമെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, രണ്ടാമത്തെ ഡോസ് ലഭിക്കാനുള്ളവർ, 18 വയസിന് മുകളിലുള്ളവർ എന്നിങ്ങനെ മുൻഗണന അനുസരിച്ചാണ് വാക്സിൻ നൽകേണ്ടത്.
ജനസംഖ്യ, രോഗബാധയുടെ തീവ്രത, വാക്സിനേഷന്റെ വേഗത എന്നിവ നോക്കിയാവും വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് നൽകുക. വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമാക്കി കളയുന്ന സംസ്ഥാനങ്ങൾക്ക് വാക്സിൻ വിഹിതം കുറയുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.
വാക്സിന്റെ ലഭ്യത സംബന്ധിച്ച വിവരം പൊതുജനങ്ങളെ അറിയിക്കണം. ജില്ലകൾക്ക് കൈമാറിയ വാക്സിന്റെ കണക്ക് സംസ്ഥാനങ്ങൾ നൽകണം. ജില്ലാ തലത്തിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമായ വാക്സിന്റെ വിവരം പുറത്തുവിടണമെന്നും കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നു.