ഭോപ്പാൽ : മദ്ധ്യപ്രദേശിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിതായി റിപ്പോർട്ട്. ഭോപ്പാലിൽ കൊറോണ സ്ഥിരീകരിച്ച ഒരാളിൽ പുതിയ വകഭേദം കണ്ടെത്തിയതായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻ.സി.ഡി.സി) റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ വകഭേദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വൈറസ് വകഭേദവുമായി ബന്ധപ്പെട്ട് പരിശോധന ആരംഭിച്ചതായും അണുബാധ വ്യാപനം കുറയ്ക്കുന്നതിനായി കോൺടാക്റ്റ് ട്രേസിങ് നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദം വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ആശങ്ക ഉയർത്തുന്ന എന്ന നിലയിൽ യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സി.ഡി.സി) പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യുഎസ് ഉൾപ്പെടെ 66 രാജ്യങ്ങളിലേയ്ക്ക് ഇത് പടർന്നുപിടിച്ചു എന്നും സി.ഡി.സി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വകഭേദത്തിനെതിരെ ഫൈസർ വാക്‌സിൻ 96 ശതമാനം ഫലപ്രദമാണെന്നാണ് യുകെയിലെ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംഡ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പെറുവിൽ ആദ്യമായി തിരിച്ചറിഞ്ഞ ഈ വകഭംദം 29 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്.