രാജുവിനും ചന്ദ്രശേഖരനുമെതിരെ ആരോപണം; വനംകൊള്ള കേസിൽ വിശദമായ ചർച്ചയ്ക്ക് സിപിഐ

തിരുവനന്തപുരം: വനംകൊള്ള കേസിൽ വിശദമായ ചർച്ചയ്ക്ക് സിപിഐ. വിവാദം ചർച്ചചെയ്യാൻ സിപിഐ നേതൃയോഗം ഉടൻ ചേരും. ലോക്ക് ഡൗൺ അവസാനിച്ചശേഷം അടുത്തയാഴ്ച തന്നെ യോഗം ചേരാനാണ് ആലോചന. വിവാദത്തിൽ വ്യക്തത വേണം എന്നാണ് പാർട്ടി നിലപാട്

 
വനംകൊള്ള നടക്കുമ്പോൾ വനം വകുപ്പ് മന്ത്രി കെ രാജു ആയിരുന്നു. കൊള്ളയ്ക്ക് കാരണമായ ഉത്തരവിറക്കിയത് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ ഇ ചന്ദ്രശേഖരൻ നേതൃത്വം നൽകിയ റവന്യു വകുപ്പും. ഉത്തരവ് സദുദ്ദേശ്യപരമായിരുന്നെന്നും തെറ്റായി ഉപയോഗിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം പിൻവലിച്ചു എന്നുമാണ് ഇ.ചന്ദ്രശേഖരൻ വിശദീകരിക്കുന്നത്. തൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മുൻ വനം മന്ത്രി കെ.രാജുവും വ്യക്തമാക്കുന്നു. രണ്ടു നേതാക്കളും വിവാദത്തിൽ തങ്ങളുടെ നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

വനംകൊള്ള വിവാദമായ ശേഷം ഇപ്പോഴത്തെ മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചില പരാമർശങ്ങളിലും സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. താൻ വനം മന്ത്രിയായിരുന്ന സമയത്ത് അല്ല കൊള്ള നടന്നതെന്നാണ് ശശീന്ദ്രൻ ആവർത്തിച്ചു പറയുന്നത്. റവന്യൂ വകുപ്പിൻ്റെ ഉത്തരവ് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാൻ കഴിയുന്നത് ആണെന്നുള്ള ശശീന്ദ്രൻ്റെ പരാമർശത്തിലും സിപിഐക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഐ നേതൃയോഗം ചേരുന്നത്.

വീഴ്ച ഉദ്യോഗസ്ഥതലത്തിലെന്നാണ് സിപിഐ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. എങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ വീഴ്ച കൂടി പരിശോധിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതും നേതൃയോഗം വിളിക്കാൻ കാരണമായി.
Tags