ന്യൂഡൽഹി: ഇനി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ് എടുക്കാം. അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകളില്‍ നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലൈ ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉപരിതല, ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കി
അംഗീകൃത ഡ്രൈവർ പരിശീലന കേന്ദ്രങ്ങളിൽ ചേരുന്ന വ്യക്തികൾക്ക് ശരിയായ പരിശീലനവും അറിവും നൽകാൻ ഇത് സഹായിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഉത്തരവിൽ പറയുന്നതിങ്ങനെ. പരിശീലനാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനം നൽകുന്നതിനായി സിമുലേറ്ററുകളും പ്രത്യേക ഡ്രൈവിംഗ് പരിശീലന ട്രാക്കും കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കണം. മോട്ടോർ വാഹന നിയമം , 1988 പ്രകാരം ആവശ്യാനുസരണം റെമെഡിയൽ , റിഫ്രഷർ കോഴ്സുകൾ ഈ കേന്ദ്രങ്ങളിൽ നിന്ന് നൽകേണ്ടതാണ്.
ഈ കേന്ദ്രങ്ങളിൽ നിന്നും പരീക്ഷയിൽ വിജയിക്കുന്നവരെ, ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന സമയത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കും. നിലവിൽ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ആണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നത്. ഇത്തരം അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഇത് വ്യക്തികളെ സഹായിക്കും. വ്യവസായത്തിന് അനുസൃതമായ പ്രത്യേക പരിശീലനവും നൽകാൻ ഈ കേന്ദ്രങ്ങളെ അനുവദിച്ചിരിക്കുന്നു.
ഡ്രൈവർ പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരം സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കാൻ മോട്ടോർ വാഹന (ഭേദഗതി) നിയമം 2019 ലെ സെക്ഷൻ 8 കേന്ദ്ര ഗവൺമെന്റിനെ അധികാരപ്പെടുത്തുന്നു.