സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നിശ്ചയിക്കുന്നത് സംബന്ധിച്ച 13 അംഗ സമിതിയുടെ റിപ്പോര്‍ട്ടിന് അന്തിമ രൂപം. 12ാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെത്തുകയെന്ന നിലയില്‍ കണക്കാക്കാന്‍ ആണ് നിര്‍ദേശം. സിബിഎസ്ഇ വ്യാഴാഴ്ച സുപ്രിം കോടതിയെ നിലപാട് അറിയിക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഭിന്നമായിരുന്നു. ഏതാനും ദിവസങ്ങള്‍ കൂടുതലെടുത്തെങ്കിലും ഒടുവില്‍ മൂല്യനിര്‍ണയം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളായി. 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം താരതമ്യം ചെയ്ത് അന്തിമ ഫലമാക്കി മാറ്റും. 30:30:40 എന്നതായിരിക്കും അനുപാതം.
12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% ആകും വെയ്‌റ്റേജ്. മൂല്യനിര്‍ണയ മാനദണ്ഡം നാളെ സിബിഎസ്ഇ സുപ്രിം കോടതിയെ അറിയിക്കും. കൊവിഡ് മഹാമാരി കണക്കിലെടുത്ത് 12ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാകും നിലപാട് വ്യക്തമാക്കുക. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരിക്ഷ റദ്ദാക്കാന്‍ നേരത്തെ കേന്ദ്ര നിര്‍ദേശാനുസരണം സിബിഎസ്ഇ തീരുമാനിച്ചിരുന്നു.