ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് അസുഖം: ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു


ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ 25ന് കേസ് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാൽ ബുധനാഴ്ച ഹാജരാകാൻ കഴിയില്ലെന്നും ഹർജി പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഇഡിയ്ക്ക് വേണ്ടി ഹാജരാകാറുള്ള സർക്കാർ അഭിഭാഷകന് കൊറോണ ബാധിച്ചതിനാൽ ഇഡിയുടെ അപേക്ഷ പരിഗണിച്ച് രണ്ട് തവണ ഹർജി മാറ്റിയിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു രോഗ മുക്തനായില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. എന്നാൽ ഇന്ന് അസുഖ ബാധിതനായതിനെ തുടർന്ന് ബിനീഷിന്റെ അഭിഭാഷകനും ഹാജരായില്ല. തുടർന്ന് കേസ് വീണ്ടും നീട്ടിവെയ്ക്കുകയായിരുന്നു.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിൻറെ അഭിഭാഷകൻ ഇതുസംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Tags