തിരുവനന്തപുരം: കരുതലിന്റെ നല്ലപാഠം പറഞ്ഞുതന്ന് മാതൃകയാവുകയാണ് തിരുവനന്തപുരത്തെ ഒരുപറ്റം കുരുന്നുകൾ. വെങ്ങാനൂർ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസിലെ ഒൻപത് കുരുന്നുകളുടെ കരുതലിൽ സഹപാഠി ഹേമയ്ക്ക്(9) ഇനി മുടങ്ങാതെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാം.
സ്‌കൂൾ അടച്ചതിനാൽ പരസ്പരം കാണാൻ കഴിയാതെ വിഷമിച്ച സുഹൃത്തുക്കളായ കുട്ടികൾക്ക് രക്ഷിതാക്കൾ ഒരു ഫ്രണ്ട്‌സ്ഗ്രൂപ്പ് തുടങ്ങി നൽകി. എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഇതിൽ ഹേമയെ മാത്രം ചേർക്കാനായില്ല. ഹേമയെ എങ്ങനെ സഹായിക്കും എന്ന ഗ്രൂപ്പിലെ കുട്ടികളുടെ ചർച്ചയാണ് പുതിയ മൊബൈൽ വാങ്ങി നൽകാം എന്ന ചിന്തയിലേക്ക് എത്തുന്നത്.
ഓരോരുത്തരും തങ്ങൾ സ്വരുകൂട്ടി വെച്ചിരിക്കുന്ന കാശ് നൽകാമെന്ന ആശയം മുന്നോട്ട് വെച്ചു. ഹേമയുടെ ഉറ്റസുഹൃത്തായ ആദിനന്ദന വിവരം പിതാവ് പ്രവീണിനോട് പറഞ്ഞു. പ്രവീൺ ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായ സുദീപ്, അലീന, ദേവാംഗന, അവന്തിക, വൈഗ, അനന്തലക്ഷ്മി, അസദുളള, ശിവറാം എന്നിവരുടെ രക്ഷിതാക്കളുമായി വിഷയം പങ്കുവെച്ചു. കുട്ടികളുടെ നല്ലമനസിന് രക്ഷിതാക്കളുടെ കൈയടി കൂടെ ലഭിച്ചതോടെ അവരുടെ ആഗ്രഹപ്രകാരം അവരുടെ കാശിൽ തന്നെ മൊബൈൽ വാങ്ങി നൽകാമെന്ന് തീരുമാനിച്ചു.
വിഷുവിന് ലഭിച്ച കൈനീട്ട തുകയും മറ്റുമായി കുട്ടികൾ കൂട്ടുകാരിക്കായി സമാഹരിച്ച തുകയ്ക്ക് ഫോൺവാങ്ങി ഹേമയ്ക്ക് നൽകുകയായിരുന്നു. സ്‌കൂളിൽ അമ്മ ഷീജയ്‌ക്കൊപ്പമെത്തിയ ഹേമയ്ക്ക് പ്രിൻസിപ്പൽ ടി.എസ് ബീനയുടെ സാന്നിധ്യത്തിൽ പ്രധാനധ്യാപകൻ എൽ. സുരേഷ് ഫോൺ സമ്മാനിച്ചു. അധ്യാപകൻ വിഷ്ണുലാൽ, സ്റ്റാഫ് സെക്രട്ടറി കെ.സുരേഷ്‌കുമാർ.കെ, ഓഫീസ് സ്റ്റാഫ് ആർ. അരുൺകുമാർ, പിടിഎ പ്രസിഡന്റ് പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.