പോലീസ് മർദ്ദനത്തിനിരയായി ആറു വർഷമായി കിടക്കയിൽ ; രാധേഷിനെ കാണാന്‍ സര്‍ജിക്കല്‍ ബെഡുമായി സുരേഷ് ഗോപി എത്തി

തിരുവനന്തപുരം : കഴിഞ്ഞ ആറു വർഷമായി കിടക്ക തന്നെയാണ് രാധേഷിന്റെ ലോകം . പോലീസിന്റെ ക്രൂര മർദ്ദനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെ കാണാൻ അപ്രതീക്ഷിത അതിഥിയെത്തിയപ്പോൾ രാധേഷിന്റെ കണ്ണുകളിൽ സന്തോഷ തിളക്കം . പുതിയ സര്‍ജിക്കല്‍ ബെഡുമായി രാധേഷിനെ കാണാൻ എത്തിയതാണ് സുരേഷ് ഗോപി എം പി .

2003-ലെ കോവളം കൊട്ടാരം സമരത്തിൽ അന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സുരേന്ദ്രനും സംസ്ഥാന സെക്രട്ടറിയായിരുന്ന സുരേഷിനുമൊപ്പം കൊടിയ പോലീസ് മർദ്ദനം ഏറ്റുവാങ്ങി ആശുപത്രിയിലും ജയിലിലുമായി അടക്കപ്പെട്ടതാണ് രാധേഷിന്റെ ജീവിതം. ആ മർദ്ദനത്തിന്റെ ക്ഷതമായിരിക്കാം ഞരമ്പുകളെ ബാധിക്കുകയും അരക്കു താഴെ തളർന്ന അവസ്ഥയിലാക്കുകയും ചെയ്തത്.

ഏറ്റവും കഷ്ടത നിറഞ്ഞ ജീവിത സാഹചര്യത്തിലും പ്രസ്ഥാനത്തെ ജീവന് തുല്യം സ്നേഹിക്കുന്ന രാധേഷ് ഇന്നും ബിജെപി പ്രവർത്തകർക്ക് പ്രചോദനമാണ് . രാധേഷിന്റെ കാര്യം പറഞ്ഞ ഉടൻ തന്നെ എനിക്കയാളെ കാണണം എന്ന് പറഞ്ഞ് സുരേഷ് ഗോപി വരുകയായിരുന്നുവെന്ന് ബിജെപി നേതാവ് എസ് സുരേഷ് പറഞ്ഞു .

ബിജെപി വെങ്ങാനൂർ വാർഡ് പ്രസിഡന്റ് , വിഴിഞ്ഞം ഏരിയ പ്രസിഡന്റ്, കർഷകമോർച്ച കോവളം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ച രാധേഷ് ഇന്നും കർമ്മനിരതനാണ്. സുരേഷ് ഗോപിയ്ക്കും , എസ് സുരേഷിനുമൊപ്പം ബിജെപി കോവളം മണ്ഡലം പ്രസിഡന്റ് അഡ്വ. രാജ് മോഹനനും രാധേഷിനെ കാണാനെത്തി.
Tags