ന്യൂഡൽഹി : രാജ്യത്ത് ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകള്‍ക്ക് പിന്നാലെ ഗ്രീന്‍ ഫംഗസും കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇന്‍ഡോര്‍ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. കൊവിഡ് രോഗമുക്തി നേടിയയാളെ വിശദ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടർ രവി ദോസി പറഞ്ഞു.
മധ്യപ്രദേശില്‍ ചികിത്സയിലിരുന്ന ഇയാളെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേയ്ക്ക് മാറ്റി. ഇയാളില്‍ ബ്ലാക്ക് ഫംഗസ് രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് രോഗിയെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ഇയാള്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.
പിന്നീട് കൊവിഡ് മുക്തിയുണ്ടായെങ്കിലും കടുത്ത പനി തുടരുകയായിരുന്നു. മൂക്കിലൂടെ രക്തം വരികയും ചെയ്തിരുന്നു. ഭാരം കുറഞ്ഞത് മൂലം രോഗി അതീവ ക്ഷീണതനായിരുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തം, ശ്വാസകോശം, സൈനസുകള്‍ എന്നിവയിലാണ് രോഗബാധ കണ്ടെത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി.