ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ തകർത്തെറിഞ്ഞത് നിരവധി റെക്കോർഡുകൾ. യൂറോ ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ (11), തുടർച്ചയായ അഞ്ച് യൂറോ കപ്പുകളിൽ ഗോൾ അടിക്കുന്ന ആദ്യ താരം, തുടർച്ചയായ അഞ്ച് യൂറോ കപ്പുകളിൽ കളിക്കുന്ന താരം എന്നീ റെക്കോർഡുകളാണ് റൊണാൾഡോ സ്വന്തം പേരിൽ എഴുതിച്ചേർത്തത്. പോർച്ചുഗലിനായി ഏറ്റവുമധികം ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡും (106 ഗോൾ) മത്സരത്തിൽ പോർച്ചുഗൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹംഗറിയെ തകർത്തിരുന്നു.
റാഫേൽ ഗുറേറോ (84), ക്രിസ്ത്യാനോ (87, 90+2) റൊണാൾഡോ എന്നിവരാണ് പോർച്ചുഗലിനായി ഗോളുകൾ നേടിയത്. പരാജയപ്പെട്ടെങ്കിലും പോർച്ചുഗലിനെ പരീക്ഷിക്കാൻ ഹംഗറിക്ക് കഴിഞ്ഞു. പോർച്ചുഗലിൻ്റെ മൂന്ന് ഗോളിലും പകരക്കാരനായി ഇറങ്ങിയ റാഫ സിൽവ പങ്കാളിയായി. 71ആം മിനിട്ടിലാണ് ബെർണാഡോ സിൽവയ്ക്ക് പകരം റാഫ സിൽവ ഇറങ്ങിയത്.
സ്കോർനില സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. കളി നിയന്ത്രിച്ചത് പോർച്ചുഗൽ ആണെങ്കിലും പ്രതിരോധപ്പൂട്ടിട്ട് ഹംഗറി നിലവിലെ ചാമ്പ്യന്മാർക്ക് തലവേദന സൃഷ്ടിച്ചു. പോർച്ചുഗലിൻ്റെ ആക്രമണങ്ങളെയൊക്കെ സമർത്ഥമായി തടഞ്ഞ ഹംഗറി 84 മിനിട്ട് വരെ പിടിച്ചുനിന്നു. പിന്നീടാണ് പോർച്ചുഗൽ ഹംഗേറിയൻ പ്രതിരോധത്തെ കീഴടക്കിയത്.