മരംകൊളള കേസിൽ സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ല: റവന്യൂ മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: മരംകൊളളയില്‍ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജന്‍. മരംമുറി കേസിൽ റവന്യൂവകുപ്പിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മരംമുറിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളത്. റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു അവ്യക്തത നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറങ്ങിയത്. ആ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത പ്രശ്‌നമാണ് ചര്‍ച്ച ചെയ്യുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് കൃത്യമായ തീരുമാനം എടുക്കും. മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തര്‍ക്കമായിട്ട് ഇതിനെ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ അത് പുറത്തുകൊണ്ടുവരും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ല’- മന്ത്രി പറഞ്ഞു

മരംകൊളളയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തയുണ്ടാകും. സിപിഐ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി നിലപാട് താന്‍ വിശദീകരിക്കില്ല. അത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിക്കും’- മന്ത്രി പറഞ്ഞു. എന്നാൽ വിവാദം നിയമസഭയിലെത്തിയപ്പോള്‍ തന്നെ റവന്യൂ മന്ത്രി വയനാട് ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. വനസമ്പത്തിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.

Tags