തിരുവനന്തപുരം∙ സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു നൽകേണ്ട82,500 കിലോ ഗ്രാം അരി സപ്ലൈ കോയുടെ വലിയതുറ ഗോഡൗണിൽ കെട്ടിക്കിടന്നു നശിച്ചു. സപ്ലൈകോ ഗുണനിലവാര പരിശോധനാ വിഭാഗം നടത്തിയ റെയ്ഡിലാണ് 30 ലക്ഷത്തോളം രൂപ വില വരുന്ന (650 ചാക്ക്) ധാന്യം ഉദ്യോഗസ്ഥ അനാസ്ഥ കാരണം പുഴുവരിച്ച് നശിച്ച നിലയിൽ കണ്ടെത്തിയത്. സംഭരണത്തിലെ വീഴ്ചകൾ അക്കമിട്ടു നിരത്തി അധികൃതർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നു ഇടതു സംഘടനാ നേതാവായ മാവേലി കസ്റ്റോഡിയൻ രാജീവിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്നലെയാണ് നശിച്ച അരിയുടെ കണക്ക് പുറത്തുവന്നത്.
ഇന്നു നടക്കുന്ന ഓഡിറ്റിങ്ങിനു ശേഷം കൂടുതൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ഒന്നുകിൽ നശിച്ച അരിയിൽ പകുതിയും കുഴിച്ചുമൂടണം. അല്ലെങ്കിൽ വളത്തിനോ കാലിത്തീറ്റയ്ക്കോ നൽകണം. 2018,19 കാലയളവിൽ ഇറക്കിവച്ച അരിയാണ് കെട്ടിക്കിടന്ന് നശിച്ചത്. മില്ലുകളിൽ കൊടുത്ത് കഴുകിയെടുത്ത് വൃത്തിയാക്കിയാൽ കുറച്ചെങ്കിലും ഉപയോഗിക്കാനായേക്കും. എഫ്സിഐയിൽ നിന്നെടുക്കുന്ന അരി മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയാണ് ഇത്രയധികം അരി നശിക്കാൻ കാരണം.
ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കൊപ്പം ഗോഡൗണിലെ അസൗകര്യങ്ങളും അരി നശിക്കാൻ കാരണമായെന്നു റിപ്പോർട്ടിൽ പറയുന്നു. ഈർപ്പം കയറിയും പുഴു അരിച്ചും നശിച്ച ധാന്യങ്ങൾക്കൊപ്പം ഭക്ഷ്യ യോഗ്യമായ അരി ഇറക്കി വച്ചതു കൂടുതൽ നാശത്തിന് ഇടയാക്കി. ഗുരുതരമായ അലംഭാവമാണ് ഗോഡൗണുകളിൽ കണ്ടത്. മഴ നനഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്റ്റോക്കിൽ നിന്നു മറ്റു ചാക്കുകൾ കൂടി കേടായി. കേടായതായി കണ്ടെത്തിയ ധാന്യങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല.