ഗുവാഹത്തി: അസമിലുണ്ടാകുന്ന ക്രമാതീതമായുണ്ടാകുന്ന ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് പുതിയ ജനസംഖ്യാനയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. അസമില്‍ ഇനി രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉളളവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്ക് അര്‍ഹതയുണ്ടാവില്ല. ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കാനൊ അംഗങ്ങളാവാനോ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാവാനോ കഴിയില്ലെന്നുമുള്ള പുതിയ നിയമമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഈ നിയമത്തില്‍ നിന്ന് തേയിലത്തോട്ട തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവരെ ഒഴിവാക്കും. വായ്പ എഴുതിത്തള്ളലിനും മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ക്കും ജനസംഖ്യാ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ംസ്ഥാനത്തെ ജനസംഖ്യ ഇനിയും പെരുകിയാല്‍ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തര്‍ക്കമുണ്ടാകുമെന്നും അദേഹം വ്യക്തമാക്കി.
ജനസംഖ്യ നിയന്ത്രിക്കണമെന്ന് ന്യൂനപക്ഷ സമുദായത്തോട് മുഖ്യമന്ത്രി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും മൂലകാരണമായ ജനസംഖ്യാവര്‍ധനവാണ്. ഇക്കാര്യത്തില്‍ സമുദായത്തിലെ സ്ത്രീകളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്നും ഹിമന്ത ബിശ്വ പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണം. ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിലൂടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ സാധിക്കും. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും മൂലകാരണമായ ജനസംഖ്യാവര്‍ദ്ധനവ് തടയാന്‍ ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണ ആവശ്യമാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
സമുദായ നേതാക്കള്‍ ആത്മ പരിശോധന നടത്തണമെന്നും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ ആളുകളെ പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ജനസംഖ്യയുടെ 40 ശതനമാനത്തിലധികം മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ്.