ശ്രീനഗർ : ജമ്മു കശ്മീരിൽ സ്‌കൂൾ നിർമ്മിക്കാൻ സഹായവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. സ്‌കൂളിന്റെ നിർമ്മാണത്തിനായി ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് താരം അറിയിച്ചു. ബന്ദിപ്പോര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നീരു ഗ്രാമത്തിലാണ് സ്‌കൂൾ നിർമ്മിക്കുന്നത്.
ഇന്നലെ നിയന്ത്രണ രേഖയ്ക്ക് സമീപം വിന്യസിച്ചിട്ടുള്ള സൈനികരെ കാണാൻ താരം ജമ്മു കശ്മീരിൽ എത്തിയിരുന്നു. ജവാന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം നീരു ഗ്രാമത്തിൽ എത്തുകയും, പ്രദേശ വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമത്തിൽ സ്‌കൂൾ നിർമ്മിക്കാൻ ഒരു കോടി രൂപ നൽകുമെന്ന് അക്ഷയ് കുമാർ പ്രഖ്യാപിച്ചത്. ഗ്രാമവാസികൾക്കൊപ്പം ഡാൻസ് കളിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഉച്ചയ്ക്ക് ശേഷം ഹെലികോപ്റ്ററിലാണ് അക്ഷയ് കുമാർ ജമ്മു കശ്മീരിൽ എത്തിയത്. അതിർത്തിയിൽ വന്യസിച്ചിരിക്കുന്ന ജവാന്മാരുമായി ഏറെ നേരം അദ്ദേഹം സംസാരിച്ചിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും വിഷമതകൾ സഹിച്ച് അതിർത്തിയിൽ നിർഭയമായി നിലയുറപ്പിച്ച സൈനികരെ അദ്ദേഹം പ്രശംസിച്ചു. സൈനികർക്കൊപ്പമുള്ള ചിത്രങ്ങളും അക്ഷയ് കുമാർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.