ന്യൂഡൽഹി : ജമ്മു കശ്മീരിലെ നേതാക്കളുമായി സർവ്വ കക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ലെഫ. ജനറൽ മനോജ് സിൻഹ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നേതാക്കളുടെ സർവ്വകക്ഷി യോഗം വിളിച്ചത്. ജൂൺ 24 ന് ഡൽഹിയിൽ വെച്ച് യോഗം നടക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർക്കാരുമായി ബന്ധപ്പെട്ട ഉന്നത തല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷം ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്ര സർക്കാർ ആദ്യമായിട്ടാണ് കൂടിയാലോചനയ്ക്ക് ഒരുങ്ങുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീരിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.