ലക്‌നൗ : കൊറോണ കാരണം അനാഥരായ കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 4000 രൂപ ധനസഹായം നൽകാനാണ് തീരുമാനം. മുഖ്യമന്ത്രി ബാൽ സേവ യോജന പദ്ധതിയുടെ ഭാഗമായാണ് ധനസഹായം നൽകുക.
കൊറോണ മൂലം അനാഥരായ കുട്ടികൾക്ക് 18 വയസ് തികയുന്നത് വരെ പ്രതിമാസം 4000 രൂപ സംസ്ഥാന സർക്കാർ നൽകും. ഘോരക്പൂരിൽ മാത്രം ആറ് കുട്ടികൾക്കാണ് മാതാപിതാക്കളിൽ ഒരാൾ നഷ്ടമായത്. 174 കുട്ടികൾക്ക് കുടുംബത്തിലെ വരുമാനമാർഗം നഷ്ടമായി.
ഇത്തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും സൗജന്യ വിദ്യാഭ്യാസം നൽകും. ടെക്‌നിക്കൽ കോഴ്‌സുകൾ ചെയ്യുന്ന കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ടാബ്‌ലെറ്റ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.