18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സൗജന്യമാക്കിയ തീരുമാനം; പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം അറിയിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. 18 വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമാക്കിയ തീരുമാനത്തിനാണ് അദ്ദേഹം കേന്ദ്ര സർക്കാരിന് അഭിനന്ദനം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നന്ദി മോദിജി. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ’ – സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വാക്‌സിൻ നയം പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് മേൽനോട്ടം വഹിക്കേണ്ടത് സംസ്ഥാന സർക്കാരുകളായിരിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.