അഹമ്മദാബാദ് : കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് ഗുജറാത്ത് സർക്കാർ. ഓക്‌സിജൻ ക്ഷാമം മുന്നിൽ കണ്ട് ഉത്പാദനം വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും തീരുമാനമായി.
ആഗസ്റ്റോടെ കൊറോണ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്റ്റ് ആകുമ്പോഴേക്കും പ്രതിദിന ഓക്‌സിജൻ ഉത്പാദനം 300 മെട്രിക് ടണ്ണായി ഉയർത്തണമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇതിനായി 75 പുതിയ ഓക്‌സിജൻ പ്ലാന്റുകളാണ് നിർമ്മിക്കുന്നത്.
നിലവിൽ 800 മുതൽ 900 മെട്രിക് ടൺ വരെ ഓക്‌സിജനാണ് പ്രതിദിനം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗത്തിൽ 1200 മെട്രിക് ടൺ ഓക്‌സിജനാണ് പ്രതിദിനം വേണ്ടിവന്നത്. ഈ അനുഭവം മുന്നിൽ കണ്ടാണ് മൂന്നാം തരംഗത്തിന് മുൻപ് തന്നെ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള സർക്കാരിന്റെ നീക്കം.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികൾ, എംഎൽഎമാർ എംപിമാർ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ വിനിയോഗിച്ചാകും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുക. പ്ലാന്റ് നിർമ്മാണത്തിൽ വലിയ സർക്കാർ ആശുപത്രികൾ, ജില്ലാ, താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത് സെന്ററുകൾ, വലിയ സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്കാകും മുൻഗണന നൽകുകയെന്നും സർക്കാർ അറിയിച്ചു.