ഇന്ത്യന്‍ റെയില്‍വേയുടെ യാത്രക്കാരനായി രാഷ്ട്രപതി; ജന്മനാട്ടിലേക്കുള്ള രാംനാഥ് കോവിന്ദിന്റെ ട്രെയിന്‍ യാത്രമാറ്റിയെഴുതുന്നത് 15വര്‍ഷത്തെ ചരിത്രം President of India

ന്യൂദല്‍ഹി: നടന്നുതീര്‍ത്ത ഏഴു പതിറ്റാണ്ടിന്റെ ഓര്‍മ്മകളുടെ പാളത്തിലേറി ജന്മനാട്ടിലേക്ക് രാഷ്ട്രപതിയുടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. രാഷ്ട്രപതി പദത്തിലേറിയ ശേഷം ഇതാദ്യമായാണ്  രാംനാഥ് കോവിന്ദ് സ്വന്തം ജന്മനാട്ടിലേക്ക് എത്തുന്നത്. പ്രത്യേകം തയാറാക്കിയ തീവണ്ടിയിലാണ് യാത്ര എന്നതാണ് രാഷ്ട്രപതിയുടെ ദ്വിദിന കാണ്‍പൂര്‍ പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രാഷ്ട്രപതി ട്രെയിനില്‍ യാത്ര ചെയ്യുന്നത്.


രാംനാഥ് കോവിന്ദ് രാഷ്ട്രപതി പദത്തിലെത്തി നാലുവര്‍ഷം പൂര്‍ത്തിയാവുന്ന ഇന്ന് ഉച്ചയ്ക്കാണ് അദേഹം ട്രെയിന്‍ യാത്ര ആരംഭിച്ചത്. 11 ബോഗികളുള്ള പ്രത്യേക മഹാരാജ ട്രെയിനാണ് അദേഹം യാത്ര ചെയ്യുന്നത്. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിന് രണ്ടു സ്റ്റോപ്പുകളാണുള്ളത്. രാഷ്ട്രപതിയുടെ ജില്ലയായ കാണ്‍പൂരിലെ ഝിന്‍ഝാക്കിലും രൂറയിലുമാണ് ട്രെയിന്‍ നിര്‍ത്തുന്നത്. ഇവിടെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സ്‌കൂള്‍ കാലം മുതലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റും പരിപാടികളില്‍ പങ്കാളികളാകും. നിരവധി തവണ കാണ്‍പൂര്‍ യാത്ര പദ്ധതിയിട്ടെങ്കിലും കൊവിഡ് മഹാമാരി കാരണം നീണ്ടുപോവുകയായിരുന്നു. ജൂണ്‍ 28ന് കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലേക്കും രാഷ്ട്രപതി ട്രെയിനില്‍ പോകും. തുടര്‍ന്ന് രണ്ടു ദിവസത്തെ പരിപാടികള്‍ക്കായി ലഖ്നൗവില്‍ തങ്ങും. 29ന് പ്രത്യേക വിമാനത്തില്‍ ദല്‍ഹിക്ക് മടങ്ങും.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനില്‍ സഞ്ചരിച്ച രാഷ്ട്രപതിമാരുടെ പാത പിന്തുടര്‍ന്നാണ് രാംനാഥ് കോവിന്ദും കാണ്‍പൂര്‍ യാത്രയ്ക്ക് ട്രെയിന്‍ തെരഞ്ഞെടുത്തത്. 2006ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന എപി ജെ അബ്ദുള്‍കലാം ഇന്ത്യന്‍ മിലിറ്ററി അക്കാദമിയുടെ പരിപാടിക്കായി ദല്‍ഹിയില്‍ നിന്ന് ഡറാഡൂണ്‍ വരെ ട്രെയിനില്‍ സഞ്ചരിച്ചതിന് ശേഷം മറ്റാരും ട്രെയിന്‍ മാര്‍ഗ്ഗം തെരഞ്ഞെടുത്തിരുന്നില്ല. രാഷ്ട്രപതിമാരായ പ്രതിഭാ പാട്ടീലും പ്രണബ് മുഖര്‍ജിയും യാത്രകള്‍ക്ക് വിമാനം മാത്രമാണ് ഉപയോഗിച്ചത്. ആദ്യ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന്റെ ജന്മനാടായ ബീഹാറിലെ സിവാനിലെ സിരാദയിലേക്ക് ട്രെയിന്‍ യാത്രകളായിരുന്നു നടത്തിയിരുന്നത്. 

അദ്ദേഹം രാജ്യം മുഴുവനും ട്രെയിനില്‍ സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി വന്ന രാഷ്ട്രപതിമാരും ജനങ്ങളുമായി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ യാത്രകള്‍ നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വളരെയധികം വേണ്ടിവരുന്നതിനാലാണ് ട്രെയിന്‍ യാത്രകള്‍ പിന്നീട് കുറഞ്ഞുവന്നത്. രാംനാഥ് കോവിന്ദിന്റെ കാണ്‍പൂര്‍ യാത്രയ്ക്കായി വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ദല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയെ യാത്രയാക്കാന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സ്‌റ്റേഷനില്‍ എത്തിയിരുന്നു.  
Tags