ചൈനയിൽ വാതക പൈപ്പുകൾ പൊട്ടിത്തെറിച്ച് 12 മരണം; 138 പേർക്ക് പരിക്ക്

മധ്യ ചൈനയിൽ വാതക പൈപ്പ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിക്കുകയും 138 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ ആറരയോടെയാണ് ഹുബെ പ്രവിശ്യയിലെ ഷാങ്‌വാൻ ജില്ലയിലെ ഷിയാൻ നഗരത്തിൽ സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തെ തുടർന്ന് ഏകദേശം 150 പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ 37 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രദേശത്തെ മാർക്കറ്റ് കെട്ടിടങ്ങൾ തകർന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സംഭവ സ്ഥലത്തു പ്രഭാത ഭക്ഷണം കഴിക്കാനും പലചരക്ക് സാധനങ്ങൾ വാങ്ങാൻ വന്നവരുമാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി മുൻസിപ്പൽ അധികൃതർ അറിയിച്ചിരുന്നു. തുടർന്ന് എല്ലാവരെയും രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്തു.

പലരുടെയും നില ഗുരുതരമായതിനാൽ പ്രദേശത്തുള്ളവരോട്​ അടിയന്തരമായി രക്​തം ദാനം ചെയ്യാൻ ഷിയാനിലെ ആശുപത്രികൾ അഭ്യർഥിച്ചിട്ടുണ്ട്​. അപകട കാരണം അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags