രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു; രോഗമുക്തി 97.6 ശതമാനം

രാജ്യത്ത് ഇന്ന് 35662 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 97.6 ശതമാനം, ചികിത്സയിൽ ഉള്ളവർ 3 ലക്ഷത്തിൽ താഴെ. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് 3,40,639 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ആകെ 3,26,32,222 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,260 പേർക്കാണ്. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ്.

അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടിയിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകി റെക്കോർഡ് നേടിയിരിക്കുകയാണ് രാജ്യം. രാജ്യത്ത് ഇതാദ്യമായി ആണ് ഒരുദിവസം 2.5 കോടിയിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകുന്നത്. ഓസ്‌ട്രേലിയിൽ ആകെ ജനസംഘ്യക്ക് തുല്യമായ ആളുകൾക്കാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് വാക്‌സിൻ നൽകിയിരിക്കുന്നതെന്ന് അരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് ഒരേ ദിവസം കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയ രാജ്യം ചൈനയായിരുന്നു. ചൈനയിൽ ഒരു ദിവസം 2.47 കോടി പേർക്കാണ് വാക്‌സിൻ നൽകിയത്, ജൂണിലാണ് ചൈന ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത് ഉത്തർപ്രദേശിലാണ്. ഉത്തർപ്രദേശിൽ 26.62 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയത്.

ഇന്നലെ വരെ രാജ്യത്ത് 55,07,80,273 പേരുടെ സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. ഇന്നലെ മാത്രം രാജ്യത്ത് 14,48,833 പേരുടെ സാമ്പിളുകൾ ടെസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചിട്ടുണ്ട്.
Tags