പഞ്ചാബിലെ പരാജയം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു; അമരീന്ദര്‍ സിംഗിന്റെ രാജിയില്‍ പ്രതികരിച്ച് ബിജെപി

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിയില്‍ പ്രതികരിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. മുഖ്യമന്ത്രി രാജി വച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പരാജയം നേതൃത്വം അംഗീകരിച്ചു. കോണ്‍ഗ്രസ് മാഫിയ രാജിനെ സംരക്ഷിക്കുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. tarun chugh against congress

‘പഞ്ചാബിലെ മന്ത്രിസഭ പൂര്‍ണായും പരാജയപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയും കോണ്‍ഗ്രസും പരാജയപ്പെട്ടു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ അവര്‍ക്കുകഴിഞ്ഞില്ല. മാഫിയ രാജ് നിര്‍ത്തലാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. പക്ഷേ പഞ്ചാബില്‍ മാഫിയകളെ വളര്‍ത്തിയത് കോണ്‍ഗ്രസാണ്. ലഹരി, മണല്‍, ഭൂമാഫിയകള്‍ സംസ്ഥാനത്ത് സജീവമാണ്.
.’ബിജെപി നേതാവ് ആരോപിച്ചു.

പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ക്കിടെ ഇന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി പ്രഖ്യാപനം. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തര്‍ക്കം ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നതയും ഇപ്പോഴുണ്ടായ രാജിയും കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. 30ലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാന്‍ഡും ക്യാപ്റ്റനെ കൈവിട്ടത്.

Tags