തൃശ്ശൂർ: തൃശ്ശൂർ ശക്തൻ മാർക്കറ്റിന്റെ വികസനത്തെക്കുറിച്ച് സുരേഷ് ഗോപി എം .പി കോർപറേഷൻ മേയറുമായി ചർച്ച നടത്തി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി 1 കോടി രൂപ അനുവദിച്ചത് 1 മണിക്കൂർ നീണ്ട ചർച്ചയിൽ സുരേഷ് ഗോപി നേരിട്ടറിയിച്ചു.
ഏതെങ്കിലും കാരണവശാൽ എം.പി ഫണ്ടിന് തടസ്സം നേരിട്ടാൽ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് പണം നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
50 ലക്ഷം രൂപ വീതം പച്ചക്കറി മാർക്കറ്റിലും മത്സ്യ മാർക്കറ്റിലും ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള മാതൃകാപരമായ ഓരോ ബ്ലോക്കുകൾ നിർമ്മിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പ്രോജക്ട് സമർപ്പിച്ചാൽ ഉടൻ ഫണ്ട് നൽകും. ഫെബ്രുവരിയിലെങ്കിലും നിർമ്മാണം ആരംഭിക്കണമെങ്കിൽ നവംബറിന് മുമ്പായി പ്രോജക്ട് പ്ലാൻ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ശക്തൻ മാർക്കറ്റിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിനായി 10 കോടി രൂപ കേന്ദ്ര സർക്കാർ സഹായമായി അനുവദിപ്പിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു. പരമാവധി പരിശ്രമിക്കാമെന്ന ഉറപ്പ് നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ, മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, ഹെൽത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ ഷാജൻ കൗൺസിലർമാരായ എൻ.പ്രസാദ്, ഡോ ആതിര, രാധിക എൻ.വി, നിജി കെ.ജി, പൂർണ്ണിമ സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വിൻഷി അരുൺകുമാർ, എൻ.ആർ റോഷൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.