തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കാരണം മരിച്ചവരുടെ മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . കൊറോണ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശവും സുപ്രീംകോടതിയുടെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് മരണകണക്ക് പുതുക്കുക.
ഒരാൾ കൊറോണ ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കൊറോണ മരണ കണക്കിൽപെടുത്തുമെന്നാണ് കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദേശം. കൊറോണ ബാധിച്ചവർ ആത്മഹത്യ ചെയ്താലും കണക്കിൽ ഉൾപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശവും കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ മാർഗരേഖ പുതുക്കുമെന്നും വീണാ ജോർജ് അറിയിച്ചു.
കൊറോണ മൂന്നാംതരംഗത്തെ നേരിടാൻ സംസ്ഥാനം വേണ്ട മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനം സമ്പൂർണ വാക്സിനേഷനിലേക്ക് നീങ്ങുകയാണ്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചവരിൽ പത്തു ശതമാനം പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിക്കുന്നത് മന്ത്രി വ്യക്തമാക്കി.
18 വയസ്സിനു മുകളിൽ ഉള്ളവരിൽ 80 ശതമാനം പേർക്കും വാക്സീൻ നൽകാൻ കഴിഞ്ഞു. കേന്ദ്രത്തിൽനിന്ന് 13 ലക്ഷം വാക്സീൻ കൂടി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. മൂന്നാംതരംഗം മുന്നിൽ കണ്ട് എല്ലാ ജില്ലയിലെയും പ്രധാന ആശുപത്രികളിൽ പീഡിയാട്രിക് ഐസിയു ഒരുക്കിയിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു