കെ.പി.സി.സി. പുനഃസംഘടനാ മാനദണ്ഡം: നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്ത്

നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറി തുടരുകയാണ്. കെ.പി.സി.സി. പുനഃസംഘടനാ മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത്. അഞ്ച് വർഷം ഒരേ പദവിയിൽ പ്രവർത്തിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കില്ല. പരിചയ സമ്പന്നരായ നേതാക്കളെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെ അഭിപ്രായം. യുവാക്കളും പരിചയ സമ്പന്നരും ഉൾപ്പെടുന്ന കമ്മിറ്റികളാണ് വേണ്ടത്. വനിതകൾക്കും കൂടുതൽ പരിഗണന നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടൽ വേണമെന്നും നേതാക്കൾ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി പദവികളിൽ അഞ്ച് വർഷം ഭാരവാഹിയായി തുടർന്നവരെ കെ.പി.സി.സി പുനഃസംഘടനയിൽ പരിഗണിക്കേണ്ടെന്ന് നേതൃതലത്തിൽ ധാരണയായത്. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ് തീരുമാനം.

കാലപരിധി പത്ത് വർഷമായി നിശ്ചയിക്കണമെന്ന അഭിപ്രായമുയർന്നെങ്കിലും അഞ്ച് വർഷം മതിയെന്ന കെ. സുധാകരൻറെ നിലപാടിനോട് എല്ലാവരും യോജിക്കുകയായിരുന്നു. കാലപരിധി നിബന്ധന കാരണം പദവി നഷ്ടമാകുന്ന മുതിർന്ന നേതാക്കളെ ഉൾപ്പെടുത്താനുതകും വിധത്തിൽ കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി പുന:സംഘടിപ്പിക്കണമെന്ന ആവശ്യം ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു. നിലവിൽ എം.പി, എം.എൽ.എ പദവിയിലിരിക്കുന്നവരെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെയും മാറ്റി നിർത്തും.
Tags