‘ബിജെപി ദുർബലമായിട്ടില്ല; 9 സീറ്റുകളിലെ രണ്ടാം സ്ഥാനം ഗൗരവമുള്ളത്; പാലക്കാട് മണ്ഡലത്തില്‍ ഉണ്ടായത് ദയനീയ പരാജയം’ – സിപിഎം റിപ്പോർട്ട്

സംസ്ഥാനത്ത് ബിജെപിയില്‍ നിന്നുള്ള ഭീഷണി അവസാനിച്ചിട്ടില്ലെന്ന് സിപിഎം വിലയിരുത്തല്‍. വോട്ടുകുറഞ്ഞു എന്നതുകൊണ്ട് ബിജെപി ദുര്‍ബലമായെന്ന നിഗമനത്തിലെത്താനാവില്ലെന്നും, 9 അസംബ്ലി സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണമെന്നാന്നും സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.

”വോട്ടുകുറഞ്ഞതുകൊണ്ട് ബിജെപി ദുര്‍ബലമായി എന്ന നിഗമനം വേണ്ട. 9 സീറ്റുകളില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണം. ബിജെപിയില്‍ നിന്ന് അകലുന്ന സാധാരണക്കാര്‍ യുഡിഎഫിലേക്ക് പോകാതെ നോക്കണം. സിപിഎമ്മിന്‍റെ സ്വാധീനമേഖലയില്‍ ബിജെപി അനുഭവം വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങള്‍ നന്നായി പ്രതിരോധിക്കണം. ബിജെപി സ്വാധീനം കൂട്ടുന്ന മേഖലകള്‍ കണ്ടെത്തി പ്രത്യേകം പരിശോധിച്ച് തിരുത്തല്‍ നടപടിയെടുക്കണം. പാലക്കാട് ജില്ലയില്‍ ബിജെപിക്ക് വലിയ മുന്നേറ്റമാണുണ്ടായത്” റിപ്പോർട്ടിൽ വിലയിരുത്തുന്നു.

”സംസ്ഥാനത്ത് ബിജെപിക്ക് വോട്ടു കുറ‍ഞ്ഞപ്പോള്‍ പാലക്കാട് ജില്ലയിൽ വലിയ മുന്നേറ്റമാണുണ്ടായത്. ബിജെപിക്ക് ആകെ വോട്ടും വോട്ടിങ് ശതമാനവും ജില്ലയില്‍ വര്‍ധിച്ചത് ഗൗരവത്തില്‍ കാണണം. പാലക്കാട് മണ്ഡലത്തില്‍ സിപിഎമ്മിന് കിട്ടിയിരുന്ന വോട്ടുകള്‍ പോലും നഷ്ടമായി. ഇവിടെയുണ്ടായത് ദയനീയപരാജയമാണെന്നും കിട്ടിയത് അപമാനകരമായ മൂന്നാം സ്ഥാനമാണ്”- സിപിഎം സമ്മതിക്കുന്നു.

കഴിഞ്ഞ തവണ മൂന്നാമതായതിനെ തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടില്ലെന്ന വിമര്‍ശനവുമുണ്ട്. ഇ.ശ്രീധരന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ ബിജെപി വിജയത്തിനായി കൂടുതല്‍ ശ്രമിച്ചു. വളരെ പ്രധാനപ്പെട്ട മത്സരത്തില്‍ ബിജെപി വലിയ കേന്ദ്രീകരണം നടത്തി. അതിനനുസരിച്ച് സംഘടനാ സംവിധാനം ഒരുക്കുന്നതില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച വന്നു. ചിലയിടങ്ങളില്‍ അവശേഷിക്കുന്ന വിഭാഗീയതയുടെ അംശങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നു പറഞ്ഞാണ് പാലക്കാട് ജില്ലയെപറ്റിയുള്ള അവലോകനം സിപിഎം സംസ്ഥാന കമ്മിറ്റി അവസാനിപ്പിക്കുന്നത്.
Tags