തിരുവനന്തപുരം:നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്നങ്ങൾ തുടരുകയും പലരും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ചികിത്സാ രീതിയിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ എൻ ശ്രീധർ. സി റിയാക്ടീവ് പ്രോട്ടീൻ ടെസ്റ്റ് പ്രോത്സാഹിപ്പിക്കണമെന്നും, കൊവിഡ് നെഗറ്റീവായാൽ പൂർണ്ണ രോഗമുക്തി നേടിയെന്ന ധാരണ മാറ്റണമെന്നും ഡോ ശ്രീധർ പറയുന്നു.
ടെസ്റ്റ് റിസൾട്ട് പോസിറ്റീവാകുന്ന ദിവസത്തിന് പകരം ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്ന ദിവസത്തെ ആദ്യ ദിനമായി കണക്കാക്കണം. ലക്ഷണങ്ങില്ലെങ്കിൽ ടെസ്റ്റ് റിസൾട്ട് ദിവസം ആദ്യം ദിനമായികണക്കാക്കാം. ഇതിന് ശേഷം അഞ്ചാം ദിവസവും, എട്ടാം ദിവസവും, പത്താം ദിവസവും, പതിനാലാം ദിവസവും സിആർപി പരിശോധന നടത്തണം. രോഗി കൊവിഡ് നെഗറ്റീവ് ആയാലും പരിശോധന തുടരണം. സിആർപി ഉയരുകയാണെങ്കിൽ എറ്റവും അടുത്ത ആശുപത്രിയിൽ ചികിത്സ തേടണം.
സിആർപി പരിശോധന താരതമ്യേന ചെലവ് കുറഞ്ഞതും കൂടുതൽ ലാബുകളിൽ ലഭ്യവുമാണ്. എട്ടാം ദിവസം ഡി- ഡൈമർ ടെസ്റ്റ് നടത്തുന്നതാണ് അഭികാമ്യമെന്നും ഡോക്ടർ ശ്രീധർ പറയുന്നു. എന്നാൽ ഈ പരിശോധന കുറച്ച് ചെലവ് കൂടിയതാണ്. രക്തം കട്ടപിടിക്കാനുള്ള സാധ്യത കണ്ടെത്തുന്നതിന് പക്ഷേ ഏറെ ഫലപ്രദമാണ് ഡി- ഡൈമർ ടെസറ്റ്.
സിആർപി പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെത്തിയാൽ മറ്റ് കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം ഡോക്ടർ ചികിത്സ തീരുമാനിക്കും. ചുമയുണ്ടെങ്കിൽ എക്സ് റേ എടുക്കുകയും ന്യുമോണിയയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും വേണം. അടിവയറ്റിൽ വേദനയുണ്ടെങ്കിൽ ഡി - ഡൈമർ ടെസ്റ്റ് നിർബന്ധമായും ചെയ്യണം. ഇത് പോസിറ്റീവാണെങ്കിൽ സ്റ്റിറോയ്ഡുകളും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും വേണ്ടി വരും. ഹൃദ്രോഗത്തിന്റെ സാധ്യതയും ഉയർന്ന ബിപിയും ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ വേണം.
ഇരുന്നൂറിൽ ഒരാൾക്ക് മാത്രമാണ് കൊവിഡാനന്തരം ഇത്തരം രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത പക്ഷേ എല്ലാ രോഗികൾക്കും സിആർപി പരിശോധന നടത്തണമെന്ന് ഡോക്ടർ ശ്രീധർ പറയുന്നു. പരിശോധനയിൽ എന്തെങ്കിലും അസ്വാഭാവികമായി കാണുകയാണെങ്കിയ ഉടൻ വൈദ്യ സഹായം തേടണം. കൂടുതൽ പരിശോധനകൾ വേണോയെന്നും എന്ത് ചികിത്സയാണ് വേണ്ടതെന്നും ഡോക്ടർമാർ തീരുമാനിക്കും. കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് മുതിർന്ന ഡോക്ടർ അഭിപ്രായപ്പെടുന്നത്.
രക്തത്തിലെ ഓക്സിജൻ നില മാത്രം നോക്കുകയും കൊവിഡ് നെഗറ്റീവായാൽ രോഗമുക്തനായെന്ന് കരുതുകയും ചെയ്യുന്ന സ്ഥിതി മാറണമെന്നും സാധാരണക്കാരൻ രോഗത്തെക്കുറിച്ച് അവബോധം നേടണമെന്നും ഡോക്ടർ പറയുന്നു.