നിപ്പ വൈറസ് ബാധ റമ്പൂട്ടാനിൽ നിന്നും തന്നെ; പ്രദേശത്ത് വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: ചാത്തമംഗലത്ത് 12 വയസ്സുകാരന് നിപ്പ വൈറസ് പിടിപെടാൻ കാരണം റമ്പൂട്ടാൻ തന്നെയെന്ന നിഗമനത്തിലേക്ക് ആരോഗ്യ വകുപ്പ്. പ്രദേശത്ത് വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും റമ്പൂട്ടാൻ മരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നു. കൂടാതെ കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് ആണ്. ഇത് റമ്പൂട്ടാനും വവ്വാലും തന്നെയാകും രോഗ കാരണമെന്ന നിഗമനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കുട്ടി റമ്പൂട്ടാൻ കഴിക്കുന്നത്. പ്രദേശത്ത് നിന്നും ഒൻപത് വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിപ്പ ആദ്യം വന്ന അവസ്ഥയിൽ നിന്നും നമ്മൾ ഏറെ മാറിയതും ക്വാറന്റീൻ, സാമൂഹിക അകലം, മാസ്‌ക് എന്നിവ പോലുള്ള കാര്യങ്ങളിൽ ജനങ്ങൾ അവബോധം നേടിയതും പ്രതിരോധ പ്രവർത്തനങ്ങളെ ഊർജ്ജിതമാക്കി.

അടിയന്തിര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ ലാബ് സജ്ജമാക്കിയത് രോഗനിർണ്ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും സഹായിച്ചു. എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയത് താത്കാലികമായി ആശ്വാസം നൽകുന്നുണ്ടെങ്കിലും രോഗ ഉറവിടം പൂർണ്ണമായും കണ്ടെത്തുന്നത് വരെ അതീവ ജാഗ്രത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags